ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കില്‍  പള്ളം ബ്ളോക്കില്‍  പനച്ചിക്കാട് വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്. 22.74 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കോട്ടയം മുനിസിപ്പാലിറ്റി, പുതുപ്പള്ളി പഞ്ചായത്ത്, തെക്ക് കുറുച്ചി, വാകത്താനം പഞ്ചായത്തുകള്‍, കിഴക്ക് വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകള്‍, പടിഞ്ഞാറ് നാട്ടകം പഞ്ചായത്ത് എന്നിവയാണ്. 03/07/1949-ല്‍  കെ.വി.ഏബ്രഹാം കൊറ്റുകുളം പ്രസിഡന്റും കെ.എന്‍.ശ്രീധരന്‍ പിള്ള വൈസ് പ്രസിഡന്റുമായി എട്ട് പേര്‍ അടങ്ങിയ ഭരണ സമിതിയുടെ നേതൃത്വത്തില്‍  പനച്ചിക്കാട് വില്ലേജ് യൂണിയന്‍ നിലവില്‍  വന്നു. 1951 ആഗസ്റ്റ് 15 മുതല്‍  പ്രാബല്യത്തില്‍  വന്ന തിരുകൊച്ചി പഞ്ചായത്ത് നിയമങ്ങളുടെ അടിസ്ഥാനത്തില്‍  06/11/1951 മുതല്‍  നിലവിലുണ്ടായിരുന്ന ഭരണ സമിതിയുടെ കീഴില്‍  പനച്ചിക്കാട് പഞ്ചായത്ത് പ്രവര്‍ത്തനം തുടര്‍ന്നു. 1953 ജൂലൈ മാസത്തില്‍  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍  തെരഞ്ഞെടുക്കപ്പെട്ട 7 അംഗങ്ങളും നോമിനേറ്റ് ചെയ്യപ്പെട്ട ഒരംഗവും ഉള്‍പ്പെടെ എട്ടംഗ ഭരണസമിതി പഞ്ചായത്ത് ഭരണം ഏറ്റെടുത്തു. ഈ സമിതിയുടെ പ്രസിഡന്റായി കെ.വി.ഏബ്രഹാം കൊറ്റുകുളവും വൈസ് പ്രസിഡന്റായി കെ.എന്‍.ശ്രീധരന്‍ പിള്ളയും തെരഞ്ഞെടുക്കപ്പെട്ടു. പഴയ ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശം നിബിഡമായ പനിച്ചിമരക്കാടുള്ള പ്രദേശമായതു കൊണ്ടാണ് പനച്ചിക്കാട് എന്ന പേരില്‍  അറിയപ്പെടാന്‍ തുടങ്ങിയതെന്ന് സ്ഥലനാമത്തെ കുറിച്ച് പറയപ്പെടുന്നു. 
 പനച്ചിക്കാട് പഞ്ചായത്തിനെ കോട്ടയം മുനി‍സിപ്പാലിറ്റിയില്‍   നിന്നു വേര്‍തിരിക്കുന്നത് കിഴക്കുവടക്കുഭാഗത്തുകൂടി ഒഴുകുന്ന കൊടൂരാര്‍ ആണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സായ ഈ പുഴ കൃഷിപ്രദേശങ്ങളെ അനുഗ്രഹിക്കുന്നുവെന്നുമാത്രമല്ല, ജല ഗതാഗതത്തിനും, മത്സ്യബന്ധനത്തിനും ഏറെ പ്രയോജനപ്പെടുന്നു. 1956-1957 കാലഘട്ടത്തില്‍  പതത്തിന്റെ വര്‍ദ്ധനവിനും, മറ്റ് കൂലി കൂടുതലിനും വേണ്ടി കൊല്ലാട് പ്രദേശങ്ങളില്‍  നടന്ന കറ്റസമരവും, 1972 ല്‍  കുഴിമറ്റത്ത് നടന്ന കര്‍ഷകതൊഴിലാളി സമരവും, 1976 ലെ പാറമട സമരവും എല്ലാം തൊഴിലാളികളില്‍  പുതിയ ഉണര്‍വും ഉന്മേഷവുമുണ്ടാക്കി. 1957 ല്‍  നടപ്പാക്കിയ കുടിയൊഴിപ്പിക്കല്‍  നിയമവും 1968 ല്‍  നടപ്പാക്കിയ ഭൂപരിഷ്ക്കരണ നിയമങ്ങളും കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും നവോന്മേഷമുണ്ടാക്കി. പഞ്ചായത്തില്‍  അലോപ്പതി, ഹോമിയോ, ആയൂര്‍വദ വിഭാഗങ്ങളിലായി ഒരോ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍  കോളേജ് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവ അടുത്ത പട്ടണത്തില്‍  പ്രവര്‍ത്തിക്കുന്നതുകൊണ്ടും, നിരവധി സ്വകാര്യ ആശുപത്രികളുടെ സേവനം ലഭ്യമാകുന്നതുകൊണ്ടും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ട്. ഇതര ഗ്രാമങ്ങളിലെപ്പോലെ ഈ പ്രദേശത്തെ ജനങ്ങളും ആദ്യകാലത്ത് ജലഗതാഗതത്തെയാണ് പൂര്‍ണ്ണമായും ആശ്രയിച്ചിരുന്നത്. ദക്ഷിണമൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കുവേണ്ടി ഇപ്പോള്‍ ചിങ്ങവനം ചന്തക്കടവായി അറിയപ്പെടുന്ന ലക്ഷ്മിപുരം കടവു മുതല്‍  പനച്ചിക്കാട് മൂകാംബികാക്ഷേത്രം വരെ നിര്‍മ്മിച്ച റോഡാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട പാത. പിന്നീട് പള്ളംകൊല്ലാട് പള്ളിക്കുന്നേല്‍  റോഡും ആംഗ്ളിക്കന്‍ മിഷനറിമാരുടെ ശ്രമഫലമായി ഉണ്ടായി. തുടര്‍ന്ന് തിരുവതാംകൂര്‍ രാജഭരണത്തില്‍  പള്ളംതോട്ടയ്ക്കാട് (വെള്ളുത്തുരുത്തി ക്ഷേത്രം വഴി), പള്ളം പുതുപ്പള്ളി, പള്ളം മൂലവട്ടം എന്നീ റോഡുകളും ഗതാഗതത്തിന് ലഭ്യമായി. 1961 ല്‍  കോട്ടയം എറണാകുളം റെയില്‍പാത കൊല്ലത്തേക്കും തുടര്‍ന്ന് തിരുവനന്തപുരത്തേക്കും ദീര്‍ഘിപ്പിച്ചപ്പോള്‍ പ്രസ്തുതപാത പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ സ്പര്‍ശിച്ചു കടന്നുപോകുവാന്‍ ഇടയായി. ഏകദേശം 750 വര്‍ഷത്തെ പഴക്കമുള്ള ദക്ഷിണമുകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീക്ഷേത്രം, ഉമാമഹേശ്വരി ക്ഷേത്രം, 700 വര്‍ഷം പഴക്കമുള്ള വെള്ളൂത്തുരുത്തി ഭഗവതീക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, 500 വര്‍ഷം ചരിത്രമുള്ള മലമേല്‍ക്കാവ് ഭഗവതീക്ഷേത്രം, 400 വര്‍ഷം പഴക്കമുള്ള കൊല്ലാട് തൃക്കൈയില്‍  മഹാദേവക്ഷേത്രം തുടങ്ങിയവയാണ് ഈ പ്രദേശത്തെ പുരാതന ഹൈന്ദവ ക്ഷേത്രങ്ങള്‍. കുട്ടികളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വിജയദശമി നാളില്‍  വിദ്യാരംഭം കുറിക്കുന്നതിനായി ഇവിടെ തടിച്ചുകൂടാറുണ്ട്. ഈ മഹോത്സവത്തില്‍  സാഹിത്യ കലാകാരന്മാരും സംഗീതജ്ഞരും ഇവിടെ സംഗമിക്കാറുണ്ട്. കുംഭ മീനം മാസങ്ങളില്‍  വെള്ളൂത്തുരുത്തി, മലമേല്‍ക്കാവ് ഭഗവതീക്ഷേത്രങ്ങളിലെ കുംഭംകുടമഹോത്സവം വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ചുവരുന്നു. 1835 ല്‍  ക്രൈസ്തവ മിഷനറിയായ ഹെന്റിബക്കര്‍ സ്ഥാപിച്ച വെള്ളൂത്തുരുത്തി സെന്റ് സ്റ്റീഫന്‍സ് സി. എസ്. ഐ പള്ളിയും, കൈതിയില്‍  ഗീവറുഗീസ് മല്‍പാന്‍ സ്ഥാപിച്ച കൊല്ലാട് പള്ളിക്കുന്നേല്‍  യാക്കോബായ പള്ളിയുമാണ് നമ്മുടെ പഞ്ചായത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയങ്ങള്‍. കൊല്ലാട് പള്ളിക്കുന്നേല്‍  പള്ളി 1841 ആഗസ്റ്റ് 11ാം തിയതി സി.എം.എസ് മിഷനറിമാര്‍ക്ക് കൈമാറ്റം ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍  സ്ഥാപിച്ച കൊല്ലാട് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി, കൊല്ലാട് ഇമ്മാനുവേല്‍  ബെത്ലഹേം മാര്‍‍ത്തോമാപള്ളി, മൂലേടം സെന്റ് പോള്‍സ് സി.എസ്.ഐ പള്ളി, പാത്താംമുട്ടം കൂമ്പാടി സെന്റ് പോള്‍സ് സി.എസ്.ഐ പള്ളി, പാച്ചിറ സെന്റ് മേരീസ് കത്തോലിക്കാ പള്ളി, ചാന്നാനിക്കാട് തുടങ്ങിയവയാണ് ഈ പഞ്ചായത്തിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍. വെള്ളൂത്തുരുത്തി സി.എസ്.ഐ ദേവാലയം നമ്മുടെ പഞ്ചായത്തിലേയും ഇതര പ്രാന്തപ്രദേശങ്ങളിലേയും ചേരമ സാംബവ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ആരാധന നടത്തുന്നതിനുള്ള ഏക സ്ഥാപനമായിരുന്നു. കടുവാക്കുളത്ത് 1988 ല്‍  നിര്‍മ്മിച്ച നൂറുള്‍ ഹുദാ മദ്രസാ മുഹയുദ്ദീന്‍ ജുമാ മസ്ജീദാണ് ഈ പഞ്ചായത്തിലെ ഏക മുസ്ളീം ദേവാലയം. ഗ്രാമത്തിന്റെ ഐക്യതയുടേയും സഹിഷ്ണുതയുടേയും മകുടോദാഹരണങ്ങളായി ഇന്നു പഞ്ചായത്തില്‍  പത്തു ഹൈന്ദവ ക്ഷേത്രങ്ങളും വിവിധ ക്രൈസ്തവവിഭാഗങ്ങളുടേതായ 21-ല്‍  പരം പള്ളികളും ഒരു മുസ്ളീം ദേവാലയവും തലയുയര്‍ത്തി നില്‍ക്കുന്നു. ഇവയ്ക്കുപുറമെ ശ്രീനാരാണഗുരു മന്ദിരങ്ങളും എസ്.എന്‍.ഡി.പി, എന്‍.എസ്സ്.എസ്സ് സംഘടനകളുടെ ശാഖകളും, വിശ്വകര്‍മ്മരുടേതായ മന്ദിരങ്ങളും, പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആരാധനാലയങ്ങളും വിവിധ പെന്തക്കോസ്ത് ആരാധനാലയങ്ങളും സാമൂഹ്യസേവനത്തിനും സാമുദായിക പുരോഗതിയ്ക്കും വേണ്ടി നമ്മുടെ പഞ്ചായത്തില്‍  പ്രവര്‍ത്തിക്കുന്നു. ദക്ഷിണ മൂകാംബികഎന്ന് അറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും പിഞ്ചുകുഞ്ഞുങ്ങളുടെ വിദ്യാരംഭവും, വെള്ളുത്തുരുത്തി മലമേല്‍ക്കാവു ദേവീക്ഷേത്രങ്ങളിലെ കുംഭകൂട ഘോഷയാത്രകളും നൂറ്റാണ്ട് പഴക്കമുള്ള കൊല്ലാട് സെന്റ്പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി, കുഴിമറ്റം സെന്റ് ജോര്‍ജ്ജ് പള്ളി, പാച്ചിറ സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിലെ പെരുന്നാള്‍ തുടങ്ങിയവയും സ്വന്തം ഉത്സവങ്ങളായി കരുതി ഇവയില്‍  ജാതിമത വ്യത്യാസമില്ലാതെ പങ്കെടുത്ത് അവയെ ഗ്രാമത്തിന്റെ ഉത്സവങ്ങളായി ജനങ്ങള്‍ ഇന്നും കരുതിപോരുന്നു. ഈ പഞ്ചായത്തില്‍  8 ഗ്രന്ഥശാലകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രന്ഥശാലകള്‍ എല്ലാം തന്നെ 1947-1970 കാലഘട്ടത്തില്‍  പടുത്തുയര്‍ത്തിയവയാണ്.
ഈ പഞ്ചായത്ത് കാര്‍ഷിക പ്രധാനമായ പ്രദേശമാണ്. ചെറുതും വലുതുമായ പതിനേഴില്‍പരം കുന്നുകളും അവയുടെ ചെരിവുകളും, കുന്നുകള്‍ക്കിടയില്‍  ചെറുതോടുകളാല്‍  മുറിക്കപ്പെടുന്ന വയല്‍  പ്രദേശവും ഉള്‍പ്പെടുന്നതാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി. പ്രാചീനങ്ങളായ പുണ്യക്ഷേത്രങ്ങളും ക്രൈസ്തവദേവാലയങ്ങളും ഇതര ജാതിമതസ്ഥരുടെ ആരാധനാലയങ്ങളും ഈ പ്രദേശത്തുണ്ട്. കിഴിപ്പുറത്ത്, കരുന്നാട്ട, കൈമുക്ക് എന്നീ നമ്പൂതിരിമനകളുടെ ഭരണത്തിന്‍ കീഴിലുള്ളതും 17ാം നൂറ്റാണ്ടില്‍  സ്ഥാപിതമായതുമായ പനച്ചിക്കാട് ശ്രീ വിഷ്ണുക്ഷേത്രമാണ് പഴക്കത്തില്‍  ഒന്നാം സ്ഥാനത്ത്. 1836 സെപ്റ്റംബര്‍ 1 ാം തിയതി കേരളത്തില്‍  ആദ്യമായി മലയാളഭാഷയില്‍  വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് ചരിത്രം കുറിച്ചത് കൊല്ലാട് പള്ളിക്കുന്നേല്‍  സെന്റ് മൈക്കിള്‍സ് സി. എസ്. ഐ. പള്ളിയാണ്.